പിതാവിൻ്റേയും പുത്രൻ്റേയും പരിശുദ്ധാത്മാവിൻ്റേയും നാമ ത്തിൽ ആമേൻ.
സർവ്വശക്തനും പിതാവുമായ ദൈവത്തിൻ്റെ നാമത്തിലും + പുത്രനും കർത്താവുമായ ഈശോമിശിഹായുടെ നാമത്തിലും + ജീവദായകനായ പരിശുദ്ധാത്മാവിൻ്റെ ശക്തിയോടും കൂടെ + പരിശുദ്ധ കന്യകാമറിയത്തിന്റേയും വിശുദ്ധ യൗസേപ്പിന്റേയും മുഖ്യദൂതനായ വി. മിഖായേലിന്റേയും മറ്റെല്ലാ മാലാഖമാരുടേയും വിശുദ്ധ രുടേയും രക്തസാക്ഷികളുടേയും വന്ദകരുടേയും മദ്ധ്യസ്ഥതയിൽ ആശ്രയിച്ചുകൊണ്ടും, വിശുദ്ധ മാമ്മോദീസായിലൂടെയും വിശുദ്ധ പൗരോഹിത്യത്തിലൂടെയും എനിക്ക് ലഭിച്ചിരിക്കുന്ന ആത്മീയ കൃപയിലും ശക്തിയിലും അധികാരത്തിലും ആശ്രയിച്ചുകൊണ്ടും എല്ലാ തിന്മയുടെ ശക്തികളോടും ഞാൻ ആജ്ഞാപിക്കുകയും കല്പിക്കുകയും ചെയ്യുന്നു. പൈശാചിക ശക്തികളെ, നാരകീയ ശക്തികളെ, തിന്മയുടെ ആധിപത്യങ്ങളെ, ഈ (മകൻ്റെ / മകളുടെ) ജീവിതത്തിൽ ആധിവ്യാധികളും പീഡകളും, ആപത്തുകളും അപകടങ്ങളും ദുഃഖങ്ങളും ദുരിതങ്ങളും പാപവാസനകളും ഉണ്ടാക്കുന്ന എല്ലാ ശക്തികളെ, സ്വാധീനങ്ങളെ, മന്ത്രവാദങ്ങളെ, കൂടോത്രങ്ങളെ, സർപ്പങ്ങളെ, അശുദ്ധാത്മാക്കളെ, ശാപങ്ങളെ, കൈവിഷങ്ങളെ, ശക്തികളെ, കർത്താവായ യേശുവിൻ്റെ പരിശുദ്ധമായ നാമത്തിലും ശക്തിയിലും അധികാരത്തിലും ആശ്രയിച്ചുകൊണ്ട് ഇവയെല്ലാം ഞാൻ ശാസിച്ചു ബന്ധിക്കുകയും നിർവീര്യമാക്കുകയും കർത്താവിന്റെ കുരിശിന്റെ പാദങ്ങളിലേക്കയയ്ക്കുകയും ചെയ്യുന്നു. ഇനി മേൽ ഇവയൊന്നും ഈ (മകനെ / മകളെ) അസ്വസ്ഥതപ്പെടുത്താതിരിക്കട്ടെ എന്നു കർത്താവിൻ്റെ നാമത്തിൽ ഞാൻ കല്‌പിക്കുന്നു.
സർവ്വശക്തനും പിതാവുമായ ദൈവമേ, അങ്ങയുടെ കാരുണ്യം യാചിക്കുന്ന ഈ (മകൻ്റെ/മകളുടെ) ആത്മാവിനേയോ മനസ്സിനേയോ ശരീരത്തെയോ, ജീവിതസാഹചര്യങ്ങളെയോ ബന്ധിക്കുന്ന എല്ലാ തിന്മയുടെ ശക്തികളിൽനിന്നും ശരീരത്തിൽ രോഗപീഡകളും, മനസ്സിൽ ദുഷ്‌ചിന്തകളും, ആത്മാവിൽ ദുരാഗ്രഹങ്ങളും ഉളവാക്കുന്ന എല്ലാ ശക്തികളിൽനിന്നും എല്ലാ ദുശീലങ്ങൾക്കും ദുഷ്‌പ്ര വൃത്തികൾക്കും കാരണമായി നിൽക്കുന്ന എല്ലാ ദുഷ്‌ടാരൂപികളിൽ നിന്നും, തിന്മയുടെ എല്ലാ സ്വാധീനത്തിൽനിന്നും കർത്താവായ യേശുവിന്റെ പരിശുദ്ധമായ നാമത്തിൽ (ഇവൻ്റെ /ഇവളുടെ) ആത്മാവിനേയും മനസ്സിനേയും ശരീരത്തേയും ഞാൻ മോചിക്കുകയും കർത്താവിന്റെ സ്വന്തമായി (ഇവനെ /ഇവളെ) ഞാൻ പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇനിമേൽ (ഇവൻ /ഇവൾ) കർത്താവിൻ്റെ സ്വന്തമായിരിക്കട്ടെ. അങ്ങയുടെ പരിശുദ്ധാത്മാവ് ഇറങ്ങിവന്ന് (ഇവനിൽ/ഇവളിൽ) ആവസിച്ച് അവിടുത്തെ വരദാനഫലങ്ങളാൽ (ഇവനെ /ഇവളെ) നിറയ്ക്കട്ടെ. യേശുവിന്റെ തിരുരക്തം (ഇവന്/വൾക്ക്) സംരക്ഷണമായിരിക്കട്ടെ. പരിശുദ്ധ കന്യകാമറിയത്തിന്റേയും സകല മാലാഖമാരുടേയും വിശുദ്ധരുടേയും മദ്ധ്യസ്ഥം (ഇവന് /ഇവൾക്ക്) സംരക്ഷണമായിരിക്കട്ടെ. അങ്ങനെ (ഇവൻ /ഇവൾ) എല്ലാ തിന്മയുടെ ബന്ധനങ്ങളിൽനിന്നും (മോചിതനായി/മോചിതയായി) അങ്ങേയ്ക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാത്മാവിനും എന്നും എന്നേരവും സ്തുതിയും സ്തോത്രവും അർപ്പിക്കാൻ ഇടയാവുകയും ചെയ്യട്ടെ. ഇപ്പോഴും + എപ്പോഴും + എന്നേക്കും + ആമേൻ.

0 Comments