എന്താണ് ദണ്ഡവിമോചനം?
അപരാധവിമുക്തമായ പാപങ്ങളുടെ കാലിക ശിക്ഷയിൽനിന്നു ദൈവതിരുമുൻപാകെയുള്ള ഇളവുചെയ്യലാണു ദണ്ഡവിമോചനം (കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം 1471).
"അപരാധമുക്തമായ പാപം" എന്നാൽ കുമ്പസാരത്തിലൂടെ മോചിക്കപ്പെട്ട പാപങ്ങൾ എന്നും "കാലികശിക്ഷ" എന്നാൽ 'പാപക്കടം' അഥവാ 'ഉത്തിരിപ്പുകടം' എന്നുമാണർത്ഥം. ഒരുവ്യക്തി പാപം ചെയ്യുമ്പോൾ രണ്ട് വിധത്തിലുള്ള ശിക്ഷയ്ക്ക് - നിത്യശിക്ഷക്കും കാലിക ശിക്ഷക്കും അർഹനാകുന്നു. കുമ്പസാരം എന്ന കൂദാശയിലൂടെ പാപം മോചിക്കപ്പെടുകയും നിത്യശിക്ഷയിൽ നിന്ന് നാം ഒഴിവാക്കപ്പെടുകയും ചെയ്യുന്നു. പാപം മോചിക്കപ്പെട്ടാലും പാപത്തിൽനിന്നുളവായ കാലികശിക്ഷ നിലനിൽക്കുന്നു. നാം ചെയ്ത പാപങ്ങൾക്കനുസൃതമായ പ്രായശ്ചിത്ത പ്രവർത്തികളിലൂടെ മാത്രമേ കാലികശിക്ഷയിൽ നിന്ന് മോചനം ലഭിക്കുകയുള്ളു. ഈ ലോകത്തിൽവച്ചോ മരണാനന്തരം ശുദ്ധീകരണ സ്ഥലത്തുവച്ചോ കാലികശിക്ഷയിൽനിന്ന് മോചനം നേടേണ്ടതുണ്ട്. അത് ഈ ഭൂമിയിൽവച്ചുതന്നെ നേടാൻ സഭയുടെ നിക്ഷേപത്തിൽ നിന്ന് തുറന്നു കൊടുക്കുന്നതാണ് ദണ്ഡവിമോചനം.
എന്താണ് സഭയുടെ നിക്ഷേപം?
ക്രിസ്തുവിൻ്റെ യോഗ്യതകൾക്ക് ദൈവത്തിൻ്റെ മുമ്പിലുള്ള അക്ഷയവും അനന്തവുമായ മൂല്യവും, പരിശുദ്ധ കന്യകമറിയത്തിൻ്റെയും സകല വിശുദ്ധരുടെയും, ഭൂമിയിലെ എല്ലാ നീതിമാന്മാരുടെ പ്രാർഥനകളും സത്കർമങ്ങളും ചേർന്ന ആധ്യാത്മിക നന്മകളാണ് സഭയുടെ നിക്ഷേപം.
ആരാണ് നൽകുന്നത്?
ദണ്ഡവിമോചനം സഭയിലൂടെയാണു പ്രാപിക്കുന്നത്. ബന്ധിക്കാനും, അഴിക്കാനും (മത്തായി 16:19) യേശുക്രിസ്തു നൽകിയ അധികാരത്തിൻ്റെ ശക്തികൊണ്ട് ക്രൈസ്തവ വ്യക്തികളുടെ പ്രയോജനത്തിനായി സഭ ഇടപെടുന്നു. പത്രോസിൻ്റെ പിൻഗാമിയായ പരിശുദ്ധ പിതാവാണ് ക്രിസ്തുവിൻ്റെയും വിശുദ്ധരുടെയും യോഗ്യതകളുടെ നിക്ഷേപം തുറന്നുകൊടുക്കുന്നത്. അങ്ങനെ അവരെ ഭക്തികൃത്യങ്ങളിലേക്കും പ്രായശ്ചിത്തത്തിലേക്കും പരസ്നേഹത്തിലേക്കും നയിക്കുന്നു.
ദണ്ഡവിമോചനത്തിനായി ചെയ്യേണ്ടവ
👉പാപങ്ങളിൽ നിന്നുള്ള പൂർണ്ണ അകൽച്ച: ലഘുപാപങ്ങളോട് പോലും യാതൊരു പ്രതിപത്തിയുമില്ലാതെ, എല്ലാ പാപങ്ങളിൽനിന്നും പൂർണ്ണമായി അകന്നുനിൽക്കാൻ ആത്മാർത്ഥമായി തീരുമാനിക്കുക.
👉കുമ്പസാരം: മറ്റ് കർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് 8 ദിവസം മുമ്പോ പിമ്പോ കുമ്പസാരം എന്ന കൂദാശ സ്വീകരിച്ച് പാപമോചനം നേടുക.
👉കുർബാന: വിശുദ്ധ കുർബാനയിൽ ഭക്തിപൂർവ്വം പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിക്കുക.
👉ഫ്രാൻസിസ്കൻ ദേവാലയ സന്ദർശനം: രൂപത മെത്രാൻ നിർദ്ദേശിച്ചിരിക്കുന്ന അസ്സീസിയുടെ നാമധേയത്തിലുള്ള പള്ളികൾ സന്ദർശിച്ച് വിശ്വാസപ്രമാണം ചൊല്ലിക്കൊണ്ട് വിശ്വാസപ്രഖ്യാപനം നവീകരിക്കുക.
👉കർത്തൃപ്രാർത്ഥന: മാമ്മോദീസായിലൂടെ ലഭിച്ച "ദൈവമക്കൾ" എന്ന അന്തസ്സ് ഉൗട്ടിയുറപ്പിക്കുന്നതിനായി "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ചൊല്ലുക.
👉പരിശുദ്ധ പിതാവിൻ്റെ നിയോഗങ്ങൾക്കായുള്ള പ്രാർത്ഥന: തിരുസഭയോടുള്ള വിധേയത്വം ഉൗട്ടിയുറപ്പിക്കുന്നതിനായി പാപ്പയുടെ നിയോഗങ്ങൾക്കായി പ്രാർത്ഥിക്കുക. ഇതിനൊപ്പം പരിശുദ്ധ കന്യക മറിയത്തോടും, അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിനോടും, വിശുദ്ധ ക്ലാരയോടും, മറ്റ് ഫ്രാൻസിസ്കൻ വിശുദ്ധരോടുമുള്ള മദ്ധ്യസ്ഥ പ്രാർത്ഥനകളും കൂട്ടിച്ചേർക്കാവുന്നതാണ്.
NB : ഒരു ദിവസം ഒരു പൂർണ്ണ ദണ്ഡവിമോചനം മാത്രമേ നേടാൻ സാധിക്കുകയുള്ളൂ. ഈ കൃപാവരം നമുക്ക് സ്വന്തം ആത്മാവിൻ്റെ ശുദ്ധീകരണത്തിനായോ, അല്ലെങ്കിൽ മരണമടഞ്ഞ നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ടിയോ അർപ്പിക്കാവുന്നതാണ്.
പ്രാർത്ഥനകൾ
വിശ്വാസ പ്രമാണം
സർവശക്തനായ പിതാവും സ്വർഗത്തിൻ്റെയും ഭൂമിയുടെയും സ്രഷ്ടാവുമായ ഏകദൈവത്തിലും അവിടത്തെ ഏകപുത്രനും ഞങ്ങളുടെ കർത്താവുമായ യേശുക്രിസ്തുവിലും ഞാൻ വിശ്വസിക്കുന്നു. അവിടന്ന് പരിശുദ്ധാത്മാവാൽ ഗർഭസ്ഥനായി കന്യകമറിയത്തിൽനിന്നു പിറന്ന്, പോന്തിയൂസ് പീലാത്തോസിൻ്റെ കാലത്ത് പീഡകൾ സഹിച്ച്, ക്രൂശിക്കപ്പെട്ട്, മരിച്ച് അടക്കപ്പെട്ട്, പാതാളങ്ങളിലിറങ്ങി മരിച്ചവരുടെ ഇടയിൽനിന്ന് മൂന്നാം ദിവസം ഉയിർത്ത് സ്വർഗത്തിലേക്ക് എഴുന്നള്ളി സർവശക്തനായ പിതാവായ ദൈവത്തിൻ്റെ വലത്തുഭാഗത്തിരിക്കുന്നു; അവിടെനിന്ന് ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വരുമെന്നും ഞാൻ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞാൻ വിശ്വസിക്കുന്നു. വിശുദ്ധ കത്തോലിക്കാ സഭയിലും പുണ്യവാന്മാരുടെ ഐക്യത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിൻ്റെ ഉയിർപ്പിലും നിത്യമായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു, ആമേൻ.
കർത്തൃപ്രാർത്ഥന
സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങേ നാമം പൂജിതമാകണമേ, അങ്ങേ രാജ്യം വരണമേ, അങ്ങേ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ, ഞങ്ങളോടു തെറ്റു ചെയ്യുന്നവരോടു ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിൽ ഉൾപ്പെടുത്തരുതേ, തിൻമയിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. ആമേൻ
പാപ്പയുടെ നിയോഗങ്ങൾക്കായുള്ള പ്രാർത്ഥന
സർവ്വ ജ്ഞാനത്തിൻ്റെയും സ്നേഹത്തിന്റെയും ഉറവിടമായ ദൈവമേ, ഞങ്ങളുടെ പരിശുദ്ധ പിതാവായ ലെയോ പാപ്പയോട് ചേർന്ന് ഞങ്ങൾ അർപ്പിക്കുന്ന തിരുസഭയുടെ പ്രാർത്ഥനകൾ ശ്രവിക്കണമേ. അങ്ങയുടെ ജനത്തിൻ്റെ നന്മയ്ക്കായുള്ള അദ്ദേഹത്തിന്റെ നിയോഗങ്ങൾ അങ്ങയുടെ തിരുവിഷ്ടപ്രകാരം നിറവേറാൻ കൃപ നൽകണമേ. അദ്ദേഹത്തിൻ്റെ ശുശ്രൂഷയിൽ അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും, അങ്ങയുടെ പരിശുദ്ധാത്മാവിനാൽ അദ്ദേഹത്തെ നയിക്കുകയും, ലോകമെമ്പാടുമുള്ള അങ്ങയുടെ തിരുസഭയ്ക്ക് സമാധാനവും ഐക്യവും നൽകുകയും ചെയ്യണമേ. ആമേൻ
നന്മ നിറഞ്ഞ മറിയമേ
നൻമ നിറഞ്ഞ മറിയമേ, സ്വസ്തി! കർത്താവ് അങ്ങയോടുകൂടെ, സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു. അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു. പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണ സമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ. ആമേൻ
ഫ്രാൻസിസ് അസ്സീസിയോടുള്ള പ്രാർത്ഥന
സെറാഫിക് പിതാവായ വിശുദ്ധ ഫ്രാൻസിസേ, കുരിശിലേറ്റപ്പെട്ട ക്രിസ്തുവിന്റെ തിരുമുറിവുകൾ സ്വന്തം ശരീരത്തിൽ വഹിച്ചുവല്ലോ; ദാരിദ്ര്യത്തിൻ്റെയും എളിമയുടെയും സ്നേഹത്തിന്റെയും അങ്ങയുടെ മാതൃക പിന്തുടരാനുള്ള കൃപ ഞങ്ങൾക്കായി നേടിത്തരണമേ. ഇന്നത്തെ ലോകത്തിൽ ദൈവിക സമാധാനത്തിൻ്റെ യഥാർത്ഥ ഉപകരണങ്ങളാകുവാൻ ഞങ്ങളെ സഹായിക്കണമേ. ആമേൻ
വിശുദ്ധ ക്ലാരയോടുള്ള പ്രാർത്ഥന
മഹിമയേറിയ വിശുദ്ധ ക്ലാരയേ, വിശുദ്ധ ദാരിദ്ര്യത്തിൻ്റെ ദർപ്പണവും വിശ്വാസത്തിൽ അടിയുറച്ചുനിന്നവളുമായ അങ്ങ്, വലിയ ധൈര്യത്തോടും സ്നേഹത്തോടും വിശുദ്ധ ഫ്രാൻസിസിനെ അനുഗമിച്ചുവല്ലോ. ഞങ്ങളുടെ ഹൃദയങ്ങളെ ക്രിസ്തുവിൽ മാത്രം കേന്ദ്രീകരിക്കുവാനും, അവിടുത്തെ പ്രകാശത്തിൽ ജീവിക്കുവാനും വേണ്ടി ഞങ്ങൾക്കായി മാദ്ധ്യസ്ഥം വഹിക്കണമേ. ആമേൻ
മറ്റ് ഫ്രാൻസിസ്കൻ വിശുദ്ധരോടുള്ള പ്രാർത്ഥന
ഫ്രാൻസിസ്കൻ കുടുംബത്തിലെ എല്ലാ വിശുദ്ധരേ —പാദുവായിലെ വിശുദ്ധ അന്തോണീസേ, വിശുദ്ധ ബൊനവെഞ്ചറേ, ഹംഗറിയിലെ വിശുദ്ധ എലിസബത്തേ, വാഴ്ത്തപ്പെട്ട ജോൺ ഡൺസ് സ്കോട്ടസേ, എല്ലാ ഫ്രാൻസിസ്കൻ രക്തസാക്ഷികളേ — ഞങ്ങൾക്കും മുഴുവൻ തിരുസഭയ്ക്കും വേണ്ടി പ്രാർത്ഥിക്കണമേ. ആമേൻ
ത്രിത്വ സ്തുതി
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി, ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും, ആമേൻ

0 Comments