Pages

header ads

മരിയൻ പഠനം - 1 : പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തി വചനാധിഷ്ഠിതമോ?


അകത്തോലിക്കർ ഏറ്റവും അധികം എതിർക്കുന്ന ഒന്നാണ് മറിയത്തോടുള്ള നമ്മുടെ സ്നേഹവും ഭക്തിയും. മറിയത്തിനു ഇത്രയേറെ പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നും വചനത്തിൽ മറിയത്തിന് യാതൊരു പ്രാധാന്യവും ഇല്ലെന്നും അവർ പഠിപ്പിക്കുന്നു. മാത്രമല്ല മറിയത്തിൻ്റെ സ്വർഗ്ഗാരോപണം, അമലോത്ഭവം, നിത്യകന്യകാത്വം എന്നിങ്ങനെയുള്ള വിശ്വസ സത്യങ്ങളെയെല്ലാം അവർ നിഷേധിക്കുകയും ചെയുന്നു.  ആദിമ സഭ മറിയത്തിന് നൽകിയിരുന്ന ബഹുമാനമോ വിശുദ്ധരുടെ സാക്ഷ്യങ്ങളോ വി.ഗ്രന്ഥത്തിലുള്ള മറിയത്തിൻ്റെ സ്ഥാനമോ മനസിലാക്കാതെയാണ് അവർ എതിർക്കുന്നത്. മാത്രവുമല്ല മറിയവുമായി ബന്ധപ്പെട്ട എല്ലാ വിശ്വസ-സത്യങ്ങളും ക്രിസ്തുരഹസ്യങ്ങളുമായി ബന്ധപ്പെട്ടവയാണെന്നും അതിനാൽ മാതാവിനെ എതിർക്കുന്നവർ ആത്യന്തികമായി ക്രിസ്തു-രഹസ്യങ്ങളെയാണ് എതിർക്കുന്നത് എന്നും മനസിലാക്കുന്നില്ല. "റിയത്തെക്കുറിച്ചുള്ള കത്തോലിക്കാവിശ്വാസം, ക്രിസ്തുവിനെക്കുറിച്ചുള്ള കത്തോലിക്കാവിശ്വാസത്തില്‍ അധിഷ്ഠിതമാണ്; മറ്റൊരുവിധത്തില്‍, മറിയത്തെക്കുറിച്ചുള്ള കത്തോലിക്കാപ്രബോധനം, ക്രിസ്തുവിനെക്കുറിച്ചുള്ള കത്തോലിക്കാവിശ്വാസത്തെ കൂടുതല്‍ പ്രകാശിപ്പിക്കുന്നു." (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം n. 487) സ്വർഗ്ഗാരോപിതമാതാവിൻ്റെ തണലിൽ അണയുന്ന നമ്മൾ ഓരോരുത്തരും ഈ സത്യങ്ങളെ യുക്തികൊണ്ടും വിശ്വസം കൊണ്ടും മനസ്സിലാക്കിയിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം നാമും അവരുടെ കെണിയിൽ വീണുപോകാം.

"രക്ഷകൻ്റെ അമ്മ" എന്ന ചാക്രിക ലേഖനത്തിൽ വി.ജോൺപോൾ രണ്ടാമൻ പാപ്പ പറയുന്നു: "ദൈവപുത്രൻ്റെ അമ്മയാണ് മറിയം അതിനാൽതന്നെ പിതാവിൻ്റെ പ്രിയപ്പെട്ട മകളും, പരിശുദ്ധാത്മാവിൻ്റെ പാവനാലയവും. ഉദാത്തമായ ഈ വരസിദ്ധിമൂലം അവൾ സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ സൃഷ്ടികളെക്കാളും സമുന്നതയായി തീർന്നു". (Redemptoris Mater n.9) അതിനാൽ ദൈവമാതാവാകാൻ ദൈവം തിരഞ്ഞെടുത്ത മറിയത്തെ നിഷേധിക്കുന്നതിനുമുമ്പ് ഓർക്കണം: "ദൈവം തിരഞ്ഞെടുത്തവരുടെമേൽ ആരു കുറ്റമാരോപിക്കും?" (റോമ 8:33).

സോളമൻ രാജാവ് ദൈവാലയ നിർമാണത്തിന് ശേഷം പറയുന്നത് കൂടെ ശ്രദ്ധിക്കുക: "അങ്ങയെ ഉള്‍ക്കൊള്ളാന്‍ സ്വർഗ്ഗത്തിനും സ്വര്‍ഗാധിസ്വര്‍ഗത്തിനും അസാധ്യമെങ്കില്‍ ഞാന്‍ നിര്‍മിച്ച ഈ ഭവനം എത്ര അപര്യാപ്തം" (1രാജ 8:27). സ്വർഗ്ഗത്തിനും  സ്വര്‍ഗാധിസ്വര്‍ഗത്തിനും ഉൾകൊള്ളാൻ കഴിയാത്തവനെ തൻ്റെ ഉദരത്തിൽ വഹിക്കുവാനുള്ള അനുഗ്രഹം ദൈവം മറിയത്തിനു നൽകി. അങ്ങനെയെങ്കിൽ ദൈവം മാനിച്ചതിനെ മനുഷ്യനും മാനിക്കേണ്ടതല്ലേ? 

ആദ്യകാല സഭാപിതാവായ വി. സോഫ്രോണിയൂസ്, ജറുസലേം അറേബ്യൻ-മുസ്ലിമുകൾ പിടിച്ചെടുക്കുന്നതിനോടടുത്ത് ഏകദേശം AD 635-ൽ, മംഗളവർത്ത തിരുനാളിനോടനുബന്ധിച്ച് നൽകിയ പ്രസംഗത്തിൽ പറയുന്നു: "നീ മാത്രമാണ് സകലത്തിൻ്റെയും നാഥനെ ഉദരത്തിൽ വഹിക്കുവാൻ തെരഞ്ഞെടുക്കപ്പെട്ടത്. സൃഷ്ടികളിൽ നീ മാത്രമേ ദൈവമാതാവാകാൻ യോഗ്യയായുള്ളൂ. നിന്നെപ്പോലെയാരും ഇത്ര മഹോന്നതമായ ഒരു സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടിട്ടില്ല. നിന്നെപ്പോലെയാരും അമലോത്ഭവയായി പരിലസിച്ചിട്ടില്ല. നിന്നെപ്പോലെ ദൈവത്തോടടുത്ത് കഴിഞ്ഞവരാരുമില്ല. നിന്നിൽ വസിക്കുന്ന ദൈവംമൂലം നീ എല്ലാവരെയുംകാൾ സമ്പന്നയായി തീർന്നു. ഇതിനുമുൻപ് ഒരു സൃഷ്ടിയും ദൈവസാന്നിധ്യംകൊണ്ട് പൂർണതയിൽ എത്തിയിട്ടില്ല. അതുകൊണ്ടിതാ അനവരതം നിന്നെ വിളിച്ചിടുന്നു, കൃപാവരപൂരിതേ സ്വസ്തി!" ആദിമ നൂറ്റാണ്ടുകളിൽ തന്നെ മറിയത്തോടുള്ള ഭക്തിയുടെ എത്രമാത്രം ആഴമേറിയതായിരുന്നു എന്ന് ഇത് സൂചിപ്പിക്കുന്നു.

വിശുദ്ധപാരമ്പര്യങ്ങളെ എതിർക്കുന്നവർക്ക് ഇത് ഉൾകൊള്ളാൻ കഴിഞ്ഞെന്ന് വരില്ല. വിശുദ്ധപാരമ്പര്യം എന്നത് യേശുവിന്‍റെ പ്രബോധനങ്ങളില്‍ നിന്നും മാതൃകയില്‍ നിന്നും അപ്പസ്തോലന്‍മാര്‍ സ്വീകരിച്ചതും പരിശുദ്ധാത്മാവ് അവരെ പഠിപ്പിച്ചതുമായ കാര്യങ്ങൾ കൈമാറുന്നതാണ്അതുകൊണ്ടാണ് വി.യോഹന്നാൻ പറഞ്ഞത്: "ഞങ്ങള്‍കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ടു സ്പര്‍ശിച്ചതുമായ ജീവൻ്റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു" (1യോഹ 1:1-4).  

ബൈബിളിലെ പുതിയനിയമം എഴുതപ്പെടുന്നതിനു മുന്‍പുതന്നെ സഭയുടെ വിശുദ്ധപാരമ്പര്യം നിലനിന്നിരുന്നു. കാരണം, ആദിമ ക്രിസ്ത്യാനികള്‍ക്ക് നമുക്ക് ഇന്നുള്ളതുപോലെ ലിഖിതമായ പുതിയനിയമം ഇല്ലായിരുന്നു. ആദ്യം എഴുതപ്പെട്ട  വി. മർക്കോസിൻ്റെ സുവിശേഷം രചിക്കപ്പെട്ടതുതന്നെ AD 65-നും 70-നും ഇടയ്ക്കാണ്. വി. മത്തായി, വി. ലൂക്ക, വി. യോഹന്നാൻ എന്നിവരുടേതാകട്ടെ യഥാക്രമം  AD 75-നും 90-നും ഇടയ്ക്കും AD 70-നു ശേഷവും AD 95-ലും എഴുതപ്പെട്ടതാണെന്നു കരുതപ്പെടുന്നു. അതുകൊണ്ട് ക്രിസ്തുവിൻ്റെ സ്വർഗ്ഗാരോഹണത്തിനുശേഷം, അതായത് ഏകദേശം AD 33-65 കാലയളവിൽ വിശ്വാസികൾ വിശുദ്ധ പാരമ്പര്യമാണ് പിന്തുടർന്നു പോന്നിരുന്നത്.  പിന്നീട് ഇതേ പാരമ്പര്യം വഴിയാണ് വിശുദ്ധ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തേണ്ട ഗ്രന്ഥങ്ങളുടെ പട്ടിക പോലും തയ്യാറാക്കി ലിഖിതമായ പുതിയനിയമത്തെ സഭ ഇന്ന് നാം കാണുന്ന രീതിയിൽ വിശ്വാസികള്‍ക്ക് നൽകിയത്. അതിനാൽ ഈ വിശുദ്ധ ലിഖിതങ്ങളെ ഇന്നത്തെ രൂപത്തില്‍ നമ്മുടെ കൈകളിലേക്കു തന്ന സഭയുടെ പാരമ്പര്യം ആവശ്യമില്ല എന്നു പറയുന്നത് യുക്തിസഹമല്ല. അതുകൊണ്ടാണ് വി.പൗലോസ് അപ്പസ്തോലൻ പറയുന്നത് "അതിനാല്‍, സഹോദരരേ, ഞങ്ങള്‍ വചനം മുഖേനയോ കത്തുമുഖേനയോ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുകയും അവയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുവിന്‍" (2 തെസ 2:15)

ക്രിസ്തു അപ്പസ്തോലന്‍മാരോടു പറഞ്ഞു: "നിങ്ങളുടെ വാക്കു കേള്‍ക്കുന്നവന്‍ എന്‍റെ വാക്കു കേള്‍ക്കുന്നു; നിങ്ങളെ നിരസിക്കുന്നവന്‍ എന്നെ നിരസിക്കുന്നു. എന്നെ നിരസിക്കുന്നവനോ എന്നെ അയച്ചവനെ നിരസിക്കുന്നു". (ലൂക്കാ. 10:16). ക്രിസ്തു നല്‍കിയ ഈ അധികാരത്തിന്‍റെ അടിസ്ഥാനത്തില്‍ സഭ വിശ്വാസ-സത്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ അത് പൂര്‍ണ്ണമായും വിശ്വസിക്കുവാനും വിധേയത്വത്തോടെ സ്വീകരിക്കുവാനും നമുക്കെല്ലാവർക്കും കടമയുണ്ട്. അത് നിരസിക്കുക്കുന്നവർ ക്രിസ്തുവിനെയും പിതാവായ ദൈവത്തെയുമാണ് നിരസിക്കുന്നത്.

യേശുവിനെ കൂടുതൽ മനസിലാകുന്നത് യഹൂദ പശ്ചാത്തലം മനസ്സിലാക്കി വായിക്കുമ്പോഴാണല്ലോ? അതുപോലെ മറിയത്തെയും പഴയനിയമത്തിൻ്റെയും പുതിയ നിയമത്തിൻ്റെയും വെളിച്ചത്തിൽ വായിക്കുമ്പോഴാണ് ദൈവീകരഹസ്യങ്ങൾ ചുരുളഴിയുന്നത്. "ദൈവകൃപ നിറഞ്ഞവളെ സ്വസ്തി" (ലൂക്ക 1:28) എന്ന മാലാഖയുടെ അഭിസംബോധനയും "നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്"  (ലൂക്ക1:42) എന്ന എലിസബത്തിൻ്റെ ഉദ്‌ഘോഷവും "ഇപ്പോൾ മുതൽ സകലതലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീർത്തിക്കും" (ലൂക്ക 1:48) എന്ന മറിയത്തിൻ്റെ സ്തോത്രഗീതവും വൃഥാവിലാകുമോ? പരിശുദ്ധ കന്യകാമറിയാവുമായി ബന്ധപ്പെട്ടിട്ടുള്ള വിശ്വസരഹസ്യങ്ങളെ - അമലോത്ഭവം, സ്വർഗ്ഗാരോപണം, നിത്യകന്യകാത്വം, ദൈവമാതൃത്വം പരിശുദ്ധ രഞ്ജിത്വം - വചനത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും വെളിച്ചത്തിൽ അവ ഓരോന്നായി തുടർന്നുവരുന്ന ലക്കങ്ങളിൽ നമുക്ക് വിശദമായി പഠിക്കാം.

Post a Comment

0 Comments